Friday, October 07, 2011

ഔട്ട്‌ ഓഫ് കവറേജ്........
   
    “എന്നാല്‍ പിന്നെ നിനക്ക് എല്ലാ മാസവും ബില്ല് വരുന്ന സ്കീം ആക്കിക്കൂടെ? അതാകുമ്പോ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വിളിക്കേണ്ട ആവശ്യവുമില്ല ടോക്ക് ടൈം കൂടുതല്‍ ഉണ്ടാവുകയും ചെയ്യും...ഞങ്ങള്‍ സ്ഥിരം ഫോണ്‍ ഈസി ചാര്‍ജ് ചെയ്യുന്ന എല്ലാം കിട്ടുന്ന ചെറിയ വലിയ കട നടത്തിയിരുന്ന പുലത്ത് ഷംസുദീന്‍ എന്ന ഷംസുവിന്റെതായിരുന്നു ആ വാക്കുകള്‍. പറഞ്ഞത് ഏകദേശം നാല് കൊല്ലത്തോളം മുന്‍പാണ്....നല്ലൊരു തുക എനിക്ക് ഫോണ് ഇനത്തില്‍ അവിടെ കൊടുക്കാനുണ്ടാവും ആഴ്ചയില്‍. അതില്‍ നിന്ന് തനിക്ക് കിട്ടുന്ന ചെറിയ കമ്മീഷന്‍ അതോടെ നില്‍ക്കും എന്നറിഞ്ഞിട്ടും എന്നോടത് പറഞ്ഞത് ഒരു പക്ഷെ ആ പാവം ഗള്‍ഫുകാരന്റെ മനസിന്റെ വലിപ്പം കാരണമാവാം അല്ലെങ്കില്‍ ട്രൌസര്‍ ഇട്ടു ടയറും ഉരുട്ടി നടക്കുന്ന കാലം മുതല്‍ കാണുന്ന ഈ ചെക്കനോടുള്ള സ്നേഹം കൊണ്ടാവാം....

    രാവിലെ തന്നെ ഫോണ്‍ അടിക്കുന്നത് കേട്ടാണ് എണീറ്റത്. ഷംസുവിന്റെ വീട്ടില്‍ നിന്നായിരുന്നു. ഏത് നിമിഷവും കേള്‍ക്കാന്‍ തയ്യാറാക്കി മനസ്സിനെ പാകപ്പെടുത്തിയിരുന്നു എങ്കിലും, കേട്ടപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. വൈദ്യ പഠനത്തിനു പോയ അന്ന് മുതല്‍ ഇന്ന് വരെ ആരോഗ്യപരമായ എന്തു കാര്യവും  (എനിക്കും യാതൊരു വിധത്തിലും മനസ്സിലാവാത്ത വിഷയമാണെങ്കില്‍ പോലും) എന്നോട് ചോദിക്കുകയോ പറയുകയോ ചെയ്യാതെ ഷംസു ഒന്നും ചെയ്തിരുന്നില്ല. അത് കൊണ്ട് തന്നെയാവാം  ഈ അസുഖം വന്നപ്പോഴും എല്ലാം അഷികിനും  സാജുവിനും (ഷംസുവിനെ തുടക്കം മുതല്‍ ഒടുക്കം വരെ ചികില്‍സിച്ച അല്ലെങ്കില്‍  കൂടെ നിന്ന ഗാസ്ട്രോ ഡോക്ടര്‍ എന്റെ സഹപ്രവര്‍ത്തകന്‍) അറിയാം അവര്‍ എന്നോട് പറയാതിരിക്കുകയാണ് എന്ന് ഭാര്യയോട്‌ പല തവണ പറഞ്ഞതും.

    രക്തത്തിലുള്ള മഞ്ഞപിത്തം കണ്ടു തുടങ്ങിയപ്പോള് മുതല്‍ ഓരോ തവണ ആശുപത്രിയില്‍ ചെക്ക്‌ അപ്പ്‌ ചെയ്യാന്‍ പോവുമ്പോഴും ഇപ്രാവശ്യം അത് കേള്‍ക്കേണ്ടി വരും എന്ന ഭയം ഷംസുവിനെ വല്ലാതെ തളര്‍ത്തിയിരുന്നു.......ജീവിതത്തിന്റെ ബദ്ധപ്പാടിനിടയിലും ആ മനസ്സ് കുറെ കണക്കുകള്‍ കൂട്ടുന്നുണ്ടായിരുന്നു.

   വളരെ ചെറുപ്പത്തില്‍ കല്യാണം, എന്താണ് ജീവിതം എന്നറിയുന്നതിന് മുന്‍പേ ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം....കുറെ കാലം അങ്ങകലെ കാരക്ക മരത്തില്‍ റിയാല്‍ കായ്ക്കുന്ന അറബി നാട്ടില്‍ പണി എടുത്തു, ഇനി എല്ലാം മതി എന്ന് പറഞ്ഞ് നാട്ടില്‍ പോയി ഉള്ളത് കൊണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചപ്പോഴും, ഷംസു ഈ ദിവസത്തിന് സ്വയം തയ്യാറാവുകയായിരുന്നോ എന്ന് പല തവണ തോന്നിയിട്ടുണ്ട്....കുടുംബ സ്വത്തായ പീടികപ്പുരയില്‍ ചെറിയ ഒരു കട തുടങ്ങി അതില്‍ ഈ ചെറിയ ഗ്രാമത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും കൊണ്ട് വന്നു വെച്ച്.....കക്ഷികള്‍ക്ക് വേണ്ടി ഒരു കാരം ബോര്‍ഡും സ്ഥാപിച്ചു. കൂടെ മാധ്യമം പത്രത്തിന്റെ എജെന്സിയും എടുത്തു പയ്യന്മാര്‍ എല്ലാ വീട്ടിലും എത്തുന്നില്ല എന്ന് തോന്നിയാല്‍ ഷംസു തന്നെ പത്രം കൊണ്ട് പോയി.....ജനിച്ച മണ്ണില്‍ തന്നെ ജീവിതം എരിഞ്ഞു തീരട്ടെ എന്ന് ഷംസു ആഗ്രഹിച്ചിരിക്കാം. മകന്റെ പഠനം ഉദ്ദേശിച്ച പോലെ നടക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അവനെയും സഹായത്തിനു നിര്‍ത്തി. നല്ല രീതിയില്‍ നടക്കുന്ന കടയും ക്രമേണ ഒഴിവാക്കി വീട്ടില്‍ ഒതുങ്ങി കൂടി. മരണം എന്ന സത്യത്തിലേക്കുള്ള തന്‍റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്ന് ഷംസു അറിഞ്ഞിരിക്കാം.
ഷംസു ഒരിക്കലും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും പക്ഷെ ഏതു  നിമിഷവും കേള്‍ക്കേണ്ടി വരും എന്നതുമായ ആ വാര്‍ത്ത, ലിവറിന് കാന്‍സര്‍ വന്നിട്ടുണ്ടെന്നു സജു അവനോടു പറഞ്ഞപ്പോള്‍ ഞാന്‍ വിദേശത്തായിരുന്നു... (ഒരു പക്ഷെ അത് പടച്ചവന്‍ എന്നെ സഹായിച്ചതായിരിക്കാം എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്)...ഞാന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ ആ വിവരം പറയേണ്ടത് ഞാന്‍ തന്നെയാവും. എനിക്കതിനുള്ള മനക്കരുത്ത് ഉണ്ടോ? ജോലിയുടെ ഇടയ്ക്കു മരണം കുറേ കണ്ടിട്ടുണ്ടെങ്കിലും 
ചില ആളുകളുടെ വിടവാങ്ങല്‍ നമ്മെ ആഴത്തില്‍ വേദനിപ്പിക്കും. ഒരിക്കലും ഉണങ്ങാത്ത മുറിവായി അത്‌ നിലനില്‍ക്കും...ഫോണില്‍ ബന്ധ പ്പെടാന്‍ പറ്റാത്തതിനാല്‍ ഷംസുവിനു കാര്യങ്ങള്‍ എന്നോട് നേരിട്ട് പറയാനും പറ്റിയില്ല. എങ്ങാനും കിട്ടിയിരുന്നെങ്കില്‍ ഷംസുവിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ ഞാന്‍ പകച്ചു നില്കേണ്ടി വരുമായിരുന്നു. ഞാന്‍ വരാതെയും പറയാതെയും എങ്ങോട്ടുമില്ല എന്ന് വാശി പിടിച്ചതില്‍ നിന്ന് വളരെ പാടുപ്പെട്ടാണ് സജു അവരെ അമൃതയില്‍ പോയി വിദഗ്ധ ചികിത്സക്കായി പറഞ്ഞയച്ചത്. ചികിത്സയില്‍ ഉദ്ദേശിച്ച  ഫലം കാണുന്നില്ല എന്ന് അറിഞ്ഞിട്ടും തടി കുറയുന്നത് ഭക്ഷണം ശരിയാവാത്തത് കൊണ്ടാണെന്ന് ഷംസു പറഞ്ഞത് ഞാന്‍ മൂളി കേള്‍ക്കുമായിരുന്നു. 
കട ഒഴിവാക്കിയിട്ടു ഏകദേശം ആറുമാസം മാത്രമാണ് ഒഴിഞ്ഞ മനസ്സോടെ ആ പാവം കുടുംബത്തോടൊപ്പം ചിലവഴിച്ചത്. ഇത് പോലെ കാന്‍സര്‍ വന്നു മരിച്ച തന്റെ ഇക്കാക്കാക്ക് ഒരു വര്ഷം കിട്ടിയല്ലോ എനിക്ക് അതും കിട്ടില്ലെന്നാണ് തോന്നുന്നത് എന്ന് ഭാര്യയോട് ഷംസു പല തവണ വ്യസനം പ്രകടിപ്പിച്ചിരുന്നു. "ഈ പനി എന്നെയും കൊണ്ടേ പോവൂ..നീ പതറരുത്..." മോനോട് ഉമ്മാനെ ഒരിക്കലും വേദനിപ്പിക്കരുത്, നല്ലവണ്ണം നോക്കണം, മോളുടെ കല്യാണം നല്ല ഒരാളെ കൊണ്ട് നടത്തണം, ഞാന്‍ ഇല്ല എന്ന് കരുതി വിഷമിപ്പിക്കരുത്.." എന്നെല്ലാം പല തവണ പറഞ്ഞിരുന്നത്രേ. ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഞാന്‍ ചെല്ലാതിരിക്കുന്നത് ഷംസുവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാഞ്ഞിട്ടാവും  എന്ന് വരെ പരിഭവിച്ചിരുന്നു. 

   ഞാന്‍ ഷംസുവിനോട് ഇത്ര അടുത്തിരുന്നു എന്ന് ഈ കുറിപ്പ് എഴുതുമ്പോള്‍ മാത്രമാണ് മനസ്സിലാവുന്നത്. 500 വാക്ക് കഴിഞ്ഞതറിഞ്ഞില്ല ...ഇനിയും കിടക്കുന്നു ഒത്തിരി ഒത്തിരി സംഭവങ്ങള്‍. 
ഇന്നലെ രാത്രി ഞാന്‍ ആശുപത്രിയില്‍ പോയപ്പോള്‍ അവശനായി കിടക്കയില്‍ കിടക്കുന്ന ഷംസുവിന്റെ കൈ പിടിച്ചു " ഷംസു ഞാന്‍ ആഷിക്ക് ആണ്‌ എന്ന് പറഞ്ഞപ്പോള്‍ എന്തൊക്കെയോ പറയാനും, ചെയ്യാനും ശ്രമിക്കുന്നുണ്ടായിരുന്നു പാവം. എത്ര രൂപയുടെ ടോക്ക് ടൈം ആണ് വേണ്ടത്? എനിക്ക് സാജുവിന് ഒരു ബുക്കിംഗ് വേണം?..രക്തം പരിശോധിക്കാനുള്ള ചീട്ടു എഴുതി താ....എന്നൊക്കെയായിരുന്നോ? എന്‍റെ തോന്നലുകള്‍ സത്യമായിരുന്നു എന്ന് പിന്നീട് കുടുംബക്കാര്‍ പറഞ്ഞറിഞ്ഞു . ഷംസു അവസാനമായി ചലിച്ചതും, ശബ്ദം ഉണ്ടാക്കിയതും എന്നെ കണ്ടപ്പോഴാണെത്രേ. എല്ലാം ഓര്‍ത്തു ആ പാവത്തെ സ്മരിക്കാം.. അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കാം...7 വയസ്സായ എന്റെ മോന്‍ ആദ്യമായി മയ്യത്ത് നമസ്കരിച്ചത് ഇന്നാണ്. എല്ലാം കൌതുകത്തോടെ നോക്കി കാണുന്ന ട്രൌസര്‍ ഇട്ടു ടയറും ഉരുട്ടി നടക്കുന്ന പ്രായം. ജീവിതമാകുന്ന കാലചക്രം തിരിയുകയാണ്.....

    മൊബൈല്‍ ഫോണിലൂടെ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ച ഐഫോണ്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് ഷംസുവിനെ ഓര്‍മ വരും. രണ്ടു വ്യക്തികളും നെറ്റ് വര്‍ക്കും ടോക്ക് ടൈമും റിംഗ് ടോണും ഒന്നും കേള്‍ക്കാത്ത ലോകത്തേക്ക് പോയത് ഒരേ ദിവസമാണ്.......

.......
ഒരു പാട് പ്രാര്‍ത്ഥനകളോടെ ...ഷംസുവിന് വേണ്ടി