Wednesday, March 29, 2023

ഒരു ഇന്നസെന്റ് ചെറു കഥ

 



ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്  1991 -93. അത്ര  മോശം ഡിഗ്രി അല്ലാത്ത  പ്രീ ഡിഗ്രി പഠിക്കാൻ ശ്രമിച്ച കാലഘട്ടം. ഫിസിക്സ് കാര്യമായി മനസ്സിലാവുന്നില്ല എന്നൊരു ശങ്ക . അപ്പൊ പിന്നെ ട്യൂഷൻ ചേരാം . നുമ്മ ഫുൾ ഗുയ്സ് എല്ലാം സെറ്റ് . മെയിൻ ഹോസ്റ്റലിൽ നിന്ന് നട വരെ നടക്കണം. വൈകീട്ട്ടു പ്രത്യേകിച്ച്  പണി ഒന്നും ഇല്ലാത്ത നേരം. കാര്യം നടക്കും. അങ്ങനെ അത് തുടങ്ങി. കൊറേ നടന്നപ്പോൾ ഒരു കാര്യം മനസ്സിലായി. ഫിസിക്സിന്റെ കാര്യങ്ങൾ അത്ര എളുപ്പം നടക്കൂല  എന്നത്. 
എങ്കിലും നടത്തം തുടർന്നു.


കിലുക്കം സിനിമ വന്നിട്ടുണ്ടെന്നാണ് ഓര്മ. മഴവിൽ കാവടി ഏതായാലും  ഉണ്ട്. ഇന്നസെന്റ് ചേട്ടൻ സു പരിചിതൻ . നല്ല പള പള സിൽക്ക് ജുബ്ബ ഇട്ടു നല്ല സുമുഖൻ എല്ലാരോടും ചിരിക്കുന്ന ഒരു നല്ല മനുഷ്യൻ.

ഞങ്ങളുടെ ഫിസിക്സ് നടത്തം പുള്ളിയുടെ പാർപ്പിടത്തിന്റെ [ആ വീടിന്റെ പേര് അങ്ങനെയാണെന്ന് അറിയാത്തവൻ മലയാളി അല്ല] മുന്നിലോടെ എന്നും കൃത്യമായി നടന്നു. ഞങ്ങൾ ഇപ്പോഴും അങ്ങോട്ട് നോക്കും. ചിലപ്പോൾ കാർ കാണും, ചിലപ്പോൾ ആരെങ്കിലും ചെടി നനക്കുകയോ, പട്ടിയെ കുളിപ്പിക്കുന്നതോ കാണും . മൂപ്പരെ കാണാൻ  സാധിച്ചില്ല . ഒരു ദിവസം അത് സംഭവിച്ചു. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി [പുള്ളിയുടെ ഒരു സിനിമയുടെ പേര് അതല്ലേ?] ദേ നിക്കുന്നു ഗേറ്റിനു അരികിൽ. ചിന്ന പയ്യൻസ് അവിടെ എന്തിനാണ് തിരിഞ്ഞു കളിക്കുന്നതെന്നു എത്രയോ ലോകം കണ്ട അങ്ങേർക്കു എപ്പോഴേ പിടി കിട്ടി. ഞങ്ങളെ അടുത്തേക്ക് വിളിച്ചു. സംസാരിച്ചു. സ്ഥലപ്പേര് ചോദിച്ചപ്പോൾ ഞാൻ മലപ്പുറം എന്ന് പറഞ്ഞു [വണ്ടൂർ ചിലപ്പോൾ അറിഞ്ഞില്ലെങ്കിലോ ?]  പിരിയുന്നതിനു മുമ്പ്  ഈ പയ്യന്സിനു മറ്റൊരു ചിന്ന ആശൈ . ചേട്ടന്റെ കൂടെ ഞങ്ങൾക്ക് ഒരു ഫോട്ടോ എടുക്കണം. സമ്മതിക്കുമോ? അതിനെന്താ. നിങ്ങൾ കാമറ കൊണ്ട് വരൂ നമുക്ക്  എടുക്കലോ. മനസ്സിൽ ഉള്ള എല്ലാ ലഡ്ഡുവും ഒന്നിച്ചു പൊട്ടി 

യാഷിക എംഫ് 2 ഒരു അടുത്ത ബന്ധു ദുഫായിൽ നിന്ന് അവരുടെ വീട്ടിലേക്കു കൊണ്ട് വന്നിരുന്നു. ഞാൻ കടം എടുക്കാറുണ്ട് ഇടക്കൊക്കെ. 36 പടങ്ങൾ [അതാണ് ഒരു റീല്] എങ്ങനെ എടുക്കണം എന്ന് നല്ലവണ്ണം മനക്കണക്ക് ചെയ്തേ എടുക്കൂ. ഞങ്ങളുടെ ഭാഗ്യത്തിന് ആ സമയത്തു മേൽ പറഞ്ഞ എന്റെ [ബന്ധുവിന്റെ] ക്യാമറ എന്റെ കൈവശം ഉണ്ടായിരുന്നു . അടുത്ത ദിവസം ഞങ്ങൾ നടന്നത് കുറച്ചു കൂടെ ഉയരത്തിലായിരുന്നു [ഫോട്ടോ എടുക്കാൻ പോവുന്ന ഒരു ചെറിയ ജാഡ]. മീശ ഉണ്ടോ എന്ന് തൊട്ടടുത്തുള്ള മൂക്കിന് പോലും സംശയമായിരുന്നു. എങ്കിലും അവൈലബിൾ മീശ ഒക്കെ ചീകി റെഡി ആക്കി, പൌഡർ ഇട്ടു നടത്തം പാതി വഴിയിൽ നിർത്തി [അവിടെ പാടത്തിന്റെ വാക്കാണ് പുള്ളിയുടെ വീട്] . ഗേറ്റ് തുറന്നു. ചേട്ടാ ഞങ്ങൾ ഇന്നലെ വന്ന ക്രൈസ്റ്റ് ഹോസ്റ്റലിലെ കുട്ടികൾ . ഓർമ്മയുണ്ടോ ഈ മുഖം മോഡിൽ.
ഓ നിങ്ങൾ വന്നോ വാ നമുക്ക് ഫോട്ടോ എടുക്കാം , ഇവിടെ വരാന്തയിൽ അത്ര വെളിച്ചമില്ല. ചെടി ഒക്കെ തൂങ്ങി കിടക്കുന്നു. നമുക്ക് ഗേറ്റ് ന്റെ അവിടെന്നു എടുക്കാം. ആ ഫിലിം റോളിലെ അവസാനത്തെ രണ്ടു ചിത്രങ്ങൾ ഞങ്ങൾ മനസ്സിൽ പതിപ്പിച്ചു. ആദ്യത്തെ ഫോട്ടോ എടുത്തത് റഹീം ആണ്. എന്റെ കൂടെ ഉള്ളത് മാർട്ടിൻ , വിജയകൃഷ്ണൻ, അനിൽ പോൾ, ചിന്റു രാജു , ജിമ്മി തോമസ് , ഫൈസൽ വാരിയത്തു , റഹീം  പുറത്തായതിനാൽ ഒരെണ്ണം കൂടെ എടുത്തു അവനു വേണ്ടി. ഫോട്ടോ പിടിക്കാന് എൻജിൻ "എന്റെ" ആയതിനാൽ ഞാൻ രണ്ടിലും ഞെളിഞ്ഞു നിൽക്കുന്നു. പിന്നല്ല 

എല്ലാം ഇന്നലെ നടന്ന പോലെ ഓർക്കുന്നു. ഇന്നസെന്റ് ആയ ആ നല്ല മനുഷ്യൻ ഞങ്ങളുടെ ഇടയിൽ  നില്കുന്നത് . അദ്ദേഹത്തിന്റെ ആത്മാവിനു ദൈവം നിത്യ ശാന്തി നൽകി  നല്ലതു വരുത്തട്ടെ.

#innocent #Innocentactor #malayalamcinema #christcollege #irinjalakuda