Sunday, July 23, 2023

പോലീസ് വേണ്ട സാറേ , ഇൻജെക്ഷൻ മതി.

പുറത്ത് ബഹളം കേട്ടാൽ ക്ലിനിക്കിൽ എനിക്ക് എന്റെ റൂമിൽ സ്വസ്ഥമായി ജോലി ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അത്യാവശ്യം തിരക്കുള്ള മറ്റൊരു ദിവസം. CCTV യിൽ നോക്കുമ്പോൾ വെയ്റ്റിംഗ് ഏരിയ യുടെ ഒരു ഭാഗത്തു മാത്രം ഭയങ്കര ആളനക്കം. സൂം ചെയ്തപ്പോൾ ഗുട്ടൻസ് പിടി കിട്ടി. ഒരു പയ്യൻസ് അവിടെ അഴിഞ്ഞാടുകയാണ്. ചിന്ന ചിന്ന എൽ കെ  ജി ഒന്നാം ക്‌ളാസ്സ്‌  ലെവൽ. നോ രക്ഷ മീൻസ്  നോ രക്ഷ. ചുരുക്കത്തിൽ നല്ല ഒന്നാം തരാം തീപ്പൊരി ചെക്കൻ. കൂടെ ഉള്ളത് ഉമ്മ യാണെന്ന് മനസ്സിലാവുന്നുണ്ട്. ഇങ്ങോട്ടു എന്ന് പറയേണ്ട താമസം അവൻ അങ്ങോട്ട്. ഇവിടെ എന്നാൽ അവിടെ. അടുത്തുള്ള ചേട്ടന്റെ മിനറൽ വാട്ടർ കുപ്പി കാറ്റിൽ പറക്കുന്നു,കസേര വലിക്കുന്നു,ഇരിക്കുന്നു, മറിക്കാൻ ശ്രമിക്കുന്നു......വേണ്ട ബഹളം.

സീൻ 1.  

ഹലോ റിസപ്ഷൻ എന്താ അവിടെ ഒരു പൊട്ടി തെറി..? സാറേ ഈ കുട്ടിയെ ഒന്ന് വേഗം കണ്ടു വിടാമോ? അവൻ ആ  ഉമ്മാക്ക് ഒരു സ്വര്യവും കൊടുക്കുന്നില്ല. അടുത്തുള്ള ആൾകാർ ഇപ്പോൾ ഇടപെടുന്നില്ല. എന്നാലും അവർക്കും ബുദ്ധിമുട്ടുണ്ട് എന്ന തോന്നുന്നത്.  ആ ഉമ്മ പിടിച്ചിട്ടൊന്നും അവനെ പിടി കിട്ടുന്നില്ല. ഞങ്ങൾക്ക് അടുക്കാൻ പേടിയാണ് താനും. ഇപ്പൊ ശരി ആക്കി തരാം എന്ന് എന്റെ മനസ്സ് . അകത്തുള്ള ആളെ തീർത്തിട്ട് വേണ്ടേ അവരെ ഉള്ളിലേക്ക് ആഗമിക്കാൻ. അതിനു പോലും സമയം കിട്ടും എന്ന് തോന്നുന്നില്ല. എന്ത് സംഭവിക്കാവുന്ന യുദ്ധ സന്നാഹമായ സാഹചര്യം. 

ഞാൻ പുറത്തേക്ക്.

സീൻ 2. 

സംഗതി കുട്ടി കളിയല്ല. നിസ്സഹായയായി  നിൽക്കുന്ന ഒരു പഞ്ച പാവം താത്ത കുട്ടി [അതാണ് ഉമ്മ]. അവരുടെയാണ് നമ്മുടെ ഹീറോ ഒറിജിനൽ കുട്ടി. ആൾകാർ ചിലർ ശ്രദ്ധിക്കുന്നുണ്ട് . അവരുടെ മുഖം വല്ലാണ്ടായിട്ടുണ്ട്. ഉമ്മയോട്  ഞാൻ ആഗ്യം കാണിച്ചു രംഗം ഏറ്റെടുത്തു. കുട്ടാ എന്താ നിന്റെ പേര്.? ക്ളീഷേ നമ്പർ. ഇന്നസെന്റ്  [മിഥുനത്തിൽ] നെടുമുടി പൂജ ചെയ്യുമ്പോൾ നിൽക്കുന്ന ഒരു ഒന്നന്നര നിൽപ്പിന്റെ  ഏറ്റവും അടുത്ത കുട്ടി വേർഷൻ നോട്ടമാണ്  തിരിച്ചു കിട്ടിയ മറുപടി . സംയമന ശ്രമം നടന്നിട്ടില്ലെങ്കിലോ ഒന്ന് വിചാരിച്ചു നുമ്മ സ്ഥിരം നമ്പർ. ഇവിടെ വഴക്കുണ്ടാക്കി ഉമ്മാനേയും മറ്റുള്ളവരെ ശല്യം ചെയ്‌താൽ ഞങ്ങൾ പോലീസിനെ വിളിക്കും. അവർ ഉടനെ ജീപ്പിൽ വരും, നല്ല ചുട്ട അടി കിട്ടും, നിന്നെ മാത്രം പിടിച്ചു കൊണ്ട് പോകും. പിന്നെ എന്താ ഉണ്ടാവുക എന്ന് ഞങ്ങൾക്കറിയില്ല. അംബുജാക്ഷ നോട് [ശ്രീനിവാസൻ]  മമ്മൂട്ടി [അഴകിയ രാവണൻ] ബോംബെന്ന് ആള് വരും എന്ന് പറഞ്ഞ പോലെ ഒരു  സിനിമാറ്റിക് അവതരണം. ഏവടെ?????.. ഇടയ്ക്കിടയ്ക്ക് 'ഉമ്മ ഇൻജെക്ഷൻ മതി സാറേ പോലീസ് വരണ്ട എന്ന് പറയുന്നുണ്ട്. ഇൻജെക്ഷൻ എനിക്ക് തന്നെ പേടിയാണ് പിന്നെയല്ലേ അവന്റെ മേൽ പ്രയോഗിക്കാൻമൂപ്പർക്ക് ഒരനക്കവുമില്ല.ഇനി അവിടെ നിന്നാൽ സ്ഥിതി നല്ലതല്ലെന്ന് ഉൾവിളി.അവന്റെ കയ്യിന്നു രസീതി കൊടുക്കാൻ പറ്റാത്ത വല്ലതും കിട്ടിയാൽ അത് വാങ്ങി വെക്കാനെ പറ്റു എന്ന നല്ല ബോധത്തോടെ ഈയുള്ളവൻ തിരിച്ചു കൺസൾട്ടിങ് റൂമിലേക്ക്.

സീൻ 3. 

അകത്തുള്ള ആളുടെ കൺസൾട്ടിങ് തീർന്ന ഉടനെ നായകനും ഉമ്മയും അകത്തേക്ക്. എത്രയും കുറച്ചു സമയത്തിൽ കാര്യങ്ങൾ മനസ്സിലാക്കി മരുന്ന് എഴുതി തീരുമാനമാക്കി. ഉമ്മ വീണ്ടും അവനോടെന്ന പോലെ എന്നോട്. സാറേ ഇനി അവൻ വഴക്കുണ്ടാക്കിയാൽ ഞാൻ അപ്പൊ തന്നെ വിളിക്കാം.നിങ്ങൾ വന്ന്  ഇൻജെക്ഷൻ അടിച്ചോളൂ. [വീട്ടിലെത്തട്ടെ കാണിച്ചു തരാം എന്ന് അവന്റെ മുഖത്തു ഒരു മിന്നായം കണ്ടോ എന്നൊരു തോന്നൽ ഇല്ലാതില്ല].

ദേ വീണ്ടും ഇൻജെക്ഷൻ വർത്തമാനം. ൻറെ പൊന്ന്‌ ത്താത്താ.... ഇങ്ങള് ഈ ഇൻജെക്ഷൻ എന്നത് വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പറഞ്ഞാൽ ഈ കുട്ടികൾ ഒരു ആവശ്യത്തിന് പോലും അത് സമ്മതിക്കില്ല. മാത്രമല്ല അവനു ഡോക്ടർ,  ആസ്പത്രി എന്നത് ഒരു പേടി സ്വപ്നമാവാനും സാധ്യതയുണ്ട്. അത് കൊണ്ട് ഇങ്ങള് ഇൻജെക്ഷൻ ന്റെ കാര്യം ഒന്ന് വീടീന്ന്. ഇത് ഞാൻ എല്ലാ അമ്മമാരോടും സ്ഥിരം പറയാറുള്ള കാര്യമാണ്.

അതുകൊണ്ടല്ല സാറേ അവനെ പോലീസിനെ തീരെ പേടിയില്ല. അതൊന്നും അവന്റെ അടുത്ത് നടക്കൂല.അവന്റെ ഉപ്പാനെ കുറച്ചൊക്കെ പേടിയുണ്ട്. മൂപ്പർ ജോലിക്കു പോയത് കൊണ്ടാണ് ഞാൻ എത്ര ക്ഷീണിച്ചാലും ഇവനെയും കൊണ്ട് ഇങ്ങോട്ടു വന്നത്. ഉള്ളത് പറയാല്ലോ എന്നെയാണ് അവൻ ഇങ്ങനെ സ്ഥിരം നാറ്റിക്കലും പഞ്ഞിക്കിടലും. [നായകൻ ഞാൻ കയ്യിൽ വരച്ചു കൊടുത്ത സ്റ്റാർന്റെ കളറിൽ വീണു എന്നാണ് തോന്നുന്നത്. അത് ആസ്വദിക്കുകയാണ്. ഒരു താത്കാലികമായ സന്ധി.] ഇന്നലെ ഒരു തുള്ളി  ഉറങ്ങിയിട്ടില്ല. ഇപ്പൊ പോയിട്ട് വേണം ഒന്ന് കിടക്കാൻ. ഞങ്ങളെ വേഗം ഒഴിവാക്കിയത് വല്യ ഒരു കാര്യമായി.വീട്ടു ജോലി അങ്ങയെയുള്ള കാര്യങ്ങൾ പിന്നെ ഇവനും കൂടെ ഉള്ളപ്പോൾ ഉറക്കം പോകാൻ കാരണം അധികം വേണ്ട എന്ന് ഏതു പോലീസുകാരനും മനസ്സിലാവും. മറ്റൊരു പാവം ഉമ്മ.

സീൻ 4 . 

വിട വാങ്ങൽ. നായകൻ കൊറേ ഒക്കെ ഹാപ്പി. ഏറെകുറെ ഒതുങ്ങിയ മട്ടും. പോകുന്ന വഴിക്കു ചുമ്മാ അറിയാൻ വേണ്ടി. വൺ  ലാസ്റ്റ് കൊസ്ററ്യൻ.. "ന്താ ങ്ങൾക്ക് പണി…?"

സാറേ ഞാൻ പോലീസിലാണ്. അതു കൊണ്ടല്ലേ ഞാൻ ഇൻജെക്ഷൻ മതി പോലീസ് വേണ്ട എന്ന് പറഞ്ഞത്. അവനു പോലീസിനെ പുല്ലു വിലയാണെന്ന്. ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഉറങ്ങീട്ടില്ല..

മൈക്കിൾ ജാക്സൺന്റെ ത്രില്ലെർ ആൽബത്തിൽ ചില്ലു പാളികൾ  പൊട്ടി  ചിതറുന്ന ആ  ബാക്ക് ഗ്രൗണ്ട്  മ്യൂസിക് എന്റെ ക്ലിനിക്കിൽ ഫുൾ ബ്ലാസ്റ് ഇട്ടപോലെയാണ് ഞാൻ ഞെട്ടിയത്. മനസ്സിൽ സല്യൂട്ട് അടിച്ചു അവരെ യാത്രയാക്കി. ഫർമസിൽ വിളിച്ചു  മരുന്ന് വേഗം നൽകാൻ പറഞ്ഞു. അവൻ തോക്കെടുത്തു പോലീസിനെ [ഉമ്മ] വെടി വെക്കാൻ സാധ്യതയുണ്ട്. 😊 😊