തല വാചകവും താഴെ എഴുതാന്‍ ഉദ്ദേശിക്കുന്ന കാര്യവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്ന് ആദ്യം തന്നെ പറയട്ടേ.. പക്ഷെ ഇന്റര്‍നെറ്റില്‍ ഭക്ഷണ വിഷയങ്ങള്‍ക്ക് ഇപ്പോൾ നല്ല മാര്‍ക്കറ്റ് ആണെന്ന് കേട്ടു. അപ്പോൾ പിന്നെ കവലപ്രസംഗം പോലെ നാലാളെ കൂട്ടാതെ ഒരു ഇത് ഇല്ലല്ലോ. അയ്നാണ്.
ഇനി ഭക്ഷണക്കാര്യം അന്വേഷിച്ച് വന്നവരുടെ ശ്രദ്ധക്ക്, നിങ്ങളോട് പറയാനുള്ളത് ഞാന്‍ അവസാനം പറയുന്നുണ്ട്. അസുഖം വരുമ്പോള്‍ പാലിക്കേണ്ട പഥ്യങ്ങളില്‍.
Chicken POX [ ചൊള്ള, പൊട്ടി]എന്നിങ്ങനെ വിവിധ നാമത്തില്‍ അറിയപ്പെടുന്ന സര്‍വ്വസാധാരണമായി കണ്ടുവരുന്ന അസുഖത്തിനെ കുറിച്ചൽപ്പം വിശദീകരിക്കാം.
എന്താണ് ചിക്കൻപോക്സ്?
നമ്മുടെ വീട്ടിലെ കാരണവന്മാര് പോലും സുന്ദരമായി രോഗനിര്‍ണയം നടത്തുന്ന അസുഖങ്ങളിൽ ആദ്യത്തേത് ഇതാണെന്ന് പറഞ്ഞാല്‍ തെറ്റില്ല.
Varicella Zoster എന്ന ഇനം വൈറസ് പരത്തുന്ന ഒരു രോഗമാണിത്.
കുട്ടിക്കാലത്താണ് കൂടുതല്‍ കണ്ടു വരിക. ചുവന്നകുത്തുള്ള ഭാഗത്ത് വെള്ളം നിറഞ്ഞ കുഞ്ഞു കുമിളകളായിട്ടാണ് അസുഖം പ്രത്യക്ഷപ്പെടുക. പനിയും തലവേദനയും സഹയാത്രികരാണ്. മുതിര്‍ന്നവരില്‍ ഈ അസുഖം വളരെ ഗുരുതരമായാണ് പ്രത്യക്ഷപ്പെടാറ്. മാത്രമല്ല Varicella Pneumonia കുറച്ചു അപകടകാരിയാണ് താനും. ചൊള്ള വന്നു മരണമടഞ്ഞ നിർഭാഗ്യവാൻമാർക്ക് ഇതാണ് ഒരു പക്ഷേ സംഭവിച്ചിട്ടുണ്ടാവുക.
പകര്‍ച്ചവ്യാധിയാണെന്ന് വീണ്ടും പറയേണ്ടതില്ലല്ലോ. അപ്പോൾ പിന്നെ എങ്ങനെയാണ് പകരുക എന്നായി അടുത്ത ചിന്ത. ചെറുപ്പത്തില്‍ ഹോസ്റ്റല്‍ ജീവിതത്തിലെ അനുഭവം ഓര്മ വരുന്നു. ചൊള്ള വന്നാല്‍ വീട്ടില്‍ പറഞ്ഞു വിടും. സുന്ദരമായി ഒരു മാസം സുഖവാസം. ഓരോരുത്തരും ലോട്ടറി അടിക്കുന്ന സന്തോഷത്തോടെയാണ് കുമിളകള്‍ പൊങ്ങുമ്പോള്‍ ആർമാദിച്ചിരുന്നത്. വീട്ടില്‍ പോവാല്ലോ...ബാക്കിയൊക്കെ പിന്നെ... പക്ഷെ അന്ന് അറിയാതെ പോയ ഒരു കാര്യം പിന്നീട് വൈദ്യം പഠിച്ചപ്പോഴാണ് മനസ്സിലായത്. ഇത് കൂടുതല്‍ പകരുന്നത് രോഗമുള്ളവരെ തൊട്ടാല്‍ അല്ലത്രേ. കുമിളയുടെ ദ്രാവകം ദേഹത്തായാല് ഉള്ളതിനേക്കാള്‍ ശ്വാസം വഴിയാണ് പകർച്ച. എന്ന് വച്ചാല്‍ രോഗിയുടെ ശ്വാസം മറ്റുള്ളവരിലെത്തിയാൽ,.അസുഖം ഉണ്ടായിട്ടില്ലാത്തവര്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കുമിള പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപ് മുതൽ പൊങ്ങി അഞ്ച് ദിവസം വരെയാണ് ഈ അസുഖം പ്രധാനമായും പകരുന്നത്.
ചുരുക്കി പറഞ്ഞാല്‍ അന്ന് ഹോസ്റ്റലില്‍ സുഹൃത്തുക്കളുടെ ദേഹത്ത് നിന്ന് കുമിള പൊട്ടിച്ചു ദേഹത്ത് തേച്ചത് വെറുതെയായി. തീര്‍ന്നില്ല. അസുഖം വരുന്നതിന്റെ ഏതാനും ദിവസം മുന്‍പ് തന്നെ ഒരു മാതിരി വല്ലായ്ക [Prodrome] അനുഭവപ്പെടാറുണ്ട്. പനിക്കാന്‍ വരുന്നത് പോലെ. മേലാകെ വേദന ഉള്ളത് പോലെ,നല്ല തലവേദന ഇടക്കിടക്ക് ഉള്ളത് പോലെ, എന്തോ സംഭവിക്കാന്‍ പോകുന്നത് പോലെ. അങ്ങനെയുള്ള കുറേ “പോലെ’ കള്‍ ശരീരത്തില്‍ വൈറസ് പണി തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്. അപ്പോള്‍ മുതലേ രോഗി മറ്റുള്ളവര്‍ക്ക് അസുഖം നല്കിക്കൊണ്ടിരിക്കും. അതായതു കിട്ടിയവര്‍ക്ക് അസുഖം പ്രകടമാകുന്നതിന്റെ മുന്‍പേ തന്നെ മറ്റുള്ളവര്‍ക്ക് അസുഖം വരുത്തല്‍ തുടങ്ങി എന്ന്. കണ്ടാ കണ്ടാ. ഇതൊക്കെ നേരത്തെ പറഞ്ഞു തരാമായിരുന്നില്ലേ?
പോവല്ലേ. തീര്‍ന്നില്ല. ഇനി മറ്റൊരു കാര്യം. പണി തുടങ്ങിയ വയറന്മാര് [വൈറസുകള്‍ ആണ് കവി ഉദേശിച്ചത്. ഇനി താഴെ എവിടെയെങ്കിലും ഈ പ്രയോഗം കണ്ടാല്‍ അങ്ങനെ അങ്ങ് കൂട്ടിവായിക്കാന്‍ താല്പര്യപ്പെട്ടു കൊള്ളുന്നു.] ശരീരത്തില്‍ എങ്ങനെയെങ്കിലും പൂര്‍ണ രോഗാവസ്ഥ ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കും. ശരീരത്തിന്റെപ്രതിരോധം പ്രതിപ്രവര്‍ത്തനം നടത്തുകയും. ആക്രമവും പ്രതിരോധവുമായി മൂന്നോ നാലോ ആഴ്ചകള്‍ പിന്നിടാം[ഇതാണ് Incubation പീരീഡ്] ശരീരം തോറ്റാല്‍ നുമ്മ ഹോസ്റ്റലില്‍ നിന്ന് വീട്ടില്‍ പോകും അതായത് അസുഖം കിട്ടും. ശരീരം ജയിച്ചാല്‍ അസുഖം കിട്ടില്ല.തല്ക്കാല്ത്തേക്ക് ജാമ്യം. പക്ഷെ ശ്രദ്ധിക്കണം. ചൂടുകാലം തീരുന്നത് വരെ ഇത് വേറെ ആളുകളുടെടെ ശ്വാസതില്‍ നിന്ന് കിട്ടിക്കൂടായ്കയില്ല. രോഗം വന്ന ആള് ഒരു മാസ്ക് ധരിച്ചാല്‍ ഒരു പരിധി വരെ മറ്റുള്ളവര്‍ക്ക് കിട്ടാതെ ഒഴിവാക്കാന്‍ പറ്റിയേക്കാം.
ആരൊക്കെ ശ്രദ്ധിക്കണം
പിഞ്ചു കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍, അവയവങ്ങള്‍ സ്വീകരിച്ചവര്‍, പ്രതിരോധശേഷി കുറക്കുന്ന മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് അസുഖം വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണ്. ഇവര്‍ക്ക് പ്രധിരോധ കുത്തിവേപ്പെടുക്കുന്നതില്‍ തെറ്റില്ല.
ഞരമ്പ് ചൊള്ളയോ?
ചൊള്ള വന്നു. ചെയ്യാനുള്ളതൊക്കെ ചെയ്തു. പോയി. കുറച്ചു വയരന്മാര്‍ അവിടെയിവിടെ ഞരമ്പുകളില്‍ അങ്ങ് താമസിക്കും. [ഉദാഹരണത്തിന് പൂരതിനു പൊരി വില്ക്കാന് വന്നവര്‍ പൂരം കഴിഞ്ഞ് അവിടെയങ്ങ് സ്ഥിരം കച്ചവടം ആക്കുന്ന പോലെ.]. അവര്‍ പ്രശ്നക്കാരല്ല. ശരീരത്തില്‍ ലെവന്മാര് ഉണ്ടെന്നു നമ്മള് അറിയുകയുമില്ല. പക്ഷെ ! എന്താണ് പക്ഷെ? നാട്ടില്‍ പിന്നീട് ചൊള്ള സീസണ് വരുമ്പോള്‍ ലെവന്മാര് ചെറിയ തോതില്‍ വലിയ ഒരു പണി അങ്ങ് തന്നു കളയും. അതായത് അവര്‍ താമസമാകിയ ഞരമ്പിന്റെ ഭാഗത്ത് ഒരു പൂരമങ്ങു നടത്തിക്കളയും. അതാണ് Herpes Zoster . ഞരമ്പിന്റെ ദിശയില്‍ വരുന്നതിനാലും ഏകദേശം ഒരു പാമ്പ് വരിഞ്ഞ പോലെ ഇരിക്കുന്നതിനാലും സര്‍പ്പദോഷം എന്നൊക്കെ പഴമക്കാര്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഞരമ്പുകളെ ബാധിക്കുന്നത് കൊണ്ട് മിക്കപ്പോഴും നല്ല വേദന ഉളവകുക പതിവാണ്. നിര്‍ഭാഗ്യമെന്താണെന്ന് വെച്ചാല്‍, ചിലര്‍ക്ക്, ഈ വേദന മാറാന്‍ കുറെ കാലം എടുക്കുകയും തുടര്‍ചികിത്സ വേണ്ടി വരുകയും വന്നേക്കാം എന്നതാണ്.
ചികിത്സ
നേരത്തെ തന്നെ ചികിത്സിച്ചാല്‍ ഈ രണ്ടു അസുഖങ്ങളും രോഗിക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുന്നത്രെ ഉള്ളൂ. ധാരാളം വെള്ളം കുടിക്കുക. കൃത്യമായ മരുന്നുകള്‍ കഴിക്കുക. പേടിക്കാതിരിക്കുക. മറ്റുള്ളവരെ പറഞ്ഞു പേടിപ്പിക്കാതെ വീട്ടില്‍ ഇരിക്കുക എന്നത് രോഗിയുടെ മാത്രം ഉത്തരവാദിത്തം അല്ല എന്നതും ഓര്‍മിപ്പിക്കുന്നു. രോഗിക്ക് വിശ്രമം ആവശ്യമാണ്. രോഗി പുറത്തിറങ്ങുന്നത് അസുഖം പകരാന്‍ കാരണമാകും എന്നതിനാല്‍ മറ്റുള്ളവരുടെ സുരക്ഷയെ കൂടി കരുതിയാണിത്.
കുത്തിവെപ്പ്
കുത്തിവെപ്പ് എടുക്കാന്‍ പറ്റുന്നവര്‍ എടുക്കുന്നത് നല്ലതാണ്. രണ്ടു ഡോസ് ആയിട്ടാണ് ഇതിന്റെ കുത്തിവെപ്പ് എടുക്കുന്നത്. ദേശീയ പ്രതിരോധമരുന്നു പട്ടികയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സൗജന്യമായി ലഭ്യമല്ല. 12-15 മാസം പ്രായത്തിലാണ് ആദ്യ ഡോസ് നല്‍കേണ്ടത്. മുതിര്‍ന്നവര്‍ക്കും ഈ കുത്തിവെപ്പ് എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ ഡോക്ടര്‍ നല്‍കുന്നതാണ്. ആശുപത്രി, സ്കൂളുകള്‍ തുടങ്ങി രോഗസാധ്യത ഏറെയുള്ളവര്‍ പ്രതിരോധം തേടുന്നത് തന്നെയാണ് നല്ലത്. ചിക്കന്‍പോക്സ് അത്ര ഭീകരമായ ഒരു രോഗാവസ്ഥയല്ലെങ്കില്‍ കൂടിയും, അപ്രതീക്ഷിതമായ അസുഖമുണ്ടാക്കുന്ന ലീവ് ഭീഷണി, യാത്രകളും പരീക്ഷകളും മുടക്കം തുടങ്ങിയവ ഒഴിവാക്കാം. കൂടാതെ വാക്സിന് എടുത്തവര്‍ക്ക് രോഗം പരത്താനും കഴിയില്ല. സമൂഹത്തോട് ചെയ്യാവുന്ന ഒരു നല്ല കാര്യം കൂടിയാണിത്.
കുളി, ഭക്ഷണം
ഇനി അതിനെ കുറിച്ച് പറഞ്ഞില്ലെന്നു വേണ്ട. ഈ അസുഖങ്ങള്‍ ഉള്ളവര്‍ കുളിക്കരുതെന്നു നിര്‍ബന്ധം പിടിക്കുന്നവരാരും തന്നെ രോഗി കുളിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് പറഞ്ഞു തരാന്‍ തയ്യാറായിട്ടില്ല. കുളിക്കുന്നത് ശരീരതാപനില കുറച്ചു പനിയില്‍ നിന്നും സംരക്ഷണമാണ് തരുന്നത്. കൂടാതെ, കുരുക്കള്‍ പൊട്ടിയാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കാനും ഒരു പരിധി വരെ കുളി കൊണ്ട് സാധിക്കും. എന്തായാലും തീരുമാനം നിങ്ങള്‍ക്ക് വിട്ടു തരുന്നു.
പക്ഷെ ഒരു കാര്യം ഉറപ്പാണ് ചൊള്ള വന്ന കാലം ഒരിക്കലും മറക്കാത്ത ഒരു ദുരനുഭവമാക്കി തരുന്നതിനു ഈ കുളി വിരോധം ഒരു പരിധി വരെ ഉത്തരവാദിയാണെന്ന് പറയാതെ വയ്യ. നാട്ടില്‍ സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാലെ ആ പാവത്തിനെ കുളിക്കാന്‍ വിടൂ. അതൊരു ഒന്നൊന്നര കുളി ആവും താനും. ഞാന്‍ നേരത്തെ പറഞ്ഞ incubation പീരീഡ് അപ്പോഴേക്ക് ഏകദേശം തീരാറാവും. അതായത് അസുഖം ഇല്ലാത്തവരുടെ ശരീരത്തിലെ യുദ്ധത്തിന്റെ റിസള്‍ട്ട് വരുന്ന സമയം. അത് കൊണ്ടാണ് അസുഖം ഒരാള്‍ കുളിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് പ്രകടമാവും എന്ന് പറയുന്നത്.
ചിക്കന്‍?
തനിക്ക് കഴിക്കാന്‍ പറ്റുന്നതൊക്കെ കഴിക്കെടേ... ഒന്നും സംഭവിക്കില്ല. പക്ഷെ വായില്‍ അടക്കം രോഗലക്ഷണം ഉള്ളപ്പോള്‍ തണുത്ത കഞ്ഞിയാണ് വലിയ മല്പിടുത്തം ഇല്ലാതെ ഇറങ്ങുക എന്നതാണ് വാസ്തവം. പക്ഷെ എന്തൊക്കെ ആയാലും കുളിയില്ലാതെ , ആളുകളോട് മിണ്ടാന്‍ സമ്മതിക്കാതെ, നല്ല രുചിയുള്ള ഭക്ഷണം പോലും നല്‍കാതെ കഷ്ടപ്പെടേണ്ട ഒരാളല്ല ഈ അസുഖം ബാധിച്ച ആരും.
ചുരുക്കത്തില്‍, ഒരു ദ്വൈവാരാഘോഷം ആക്കാന്‍ മാത്രമുള്ള യാതൊന്നും ഈ അസുഖത്തിനില്ല. ആവശ്യത്തിനു ഭക്ഷണവും വെള്ളവും വിശ്രമവുമായി വീട്ടില്‍ ഒതുങ്ങുക. ജീവിതമെന്ന പരക്കംപാച്ചിലിനിടക്ക് അനിവാര്യമായ ഒരു ഇടവേള വന്നെന്നു കരുതുക. ഭയക്കേണ്ടതില്ല. അസുഖം വരാത്തവര്‍ ഉണ്ടെങ്കില്‍, കുത്തിവെപ്പ് പരിഗണിക്കാം. ഒരിക്കല്‍ വന്നാല്‍ രണ്ടാമതൊന്നു വരാന്‍ സാധ്യത ഇല്ലെന്നു തന്നെ പറയാം. അത് കൊണ്ട് വന്നവര്‍ക്ക് ഒരു ചിരിയോടെ വായിച്ചു ഫോര്‍വേഡ് ചെയ്യാം. അല്ലാത്തവര്‍ക്കുമാവാം.
ഈ പോസ്റ്റ് ചിട്ടപ്പെടുത്തി തന്നതിന് കടപ്പാട് : ഡോ.ഷിംന അസീസ്
9 comments:
അവസരം മുതലെടുത്തത് ഞാനാണ്... മക്കള്‍ക്ക് അസുഖം വന്നപ്പോള്‍ 'ചിക്കന്‍' കഴിച്ചതോണ്ടാണെന്ന് പറഞ്ഞ്, അവര്‍ക്ക് പച്ചക്കറി മാത്രേ രണ്ടാഴ്ചയോളം കൊടുത്തുള്ളൂ :)
അതാണല്ലേ അന്ന് അവിടെ പൊരിച്ച കോയീന്റെ മണം ഇല്ലാണ്ടിരുന്നത് :) :)
Very informative expressed in a sarcastic way. I also tried that trick in hostel but enikku chickenpox vannillaa
But was successful with cheggannu by rubbing eyes with thorthu mundu n looking at lucky fellas
Bajuri. Thanks
Btw looking at someone with sore eyes doesn't spread that either.
But the bath towel yes. in fact any contact with the tears that is :)
ഒരു ലൈക് ഇരിക്കട്ടെ ല്ലേ.
From maliyekkal
Hilarious way of explaining chicken pox :) You gave no room for any ambiguities. I wish all diseases are explained this way for the common people. Expecting more from you doctor..
Thanks
Thanks
Post a Comment